മധ്യവയസ്സിലെ നിരാശാമനോഭവാത്തിനു പിന്നിലെ കാരണങ്ങളും പരിഹാരവും..!

മിഡ് ലൈഫ് ക്രൈസിസ് – ജീവിതം മധ്യകാലം പിന്നിടുമ്പോൾ ഉണ്ടാകാവുന്ന മാനസിക പ്രതിസന്ധി. ജീവിതത്തിന്റെ ആദ്യകാലത്തുണ്ടായ പ്രധാന സംഭവങ്ങൾ, കൈവിട്ടുപോയ നേട്ടങ്ങൾ, കരിയറിൽ ചെയ്ത അബദ്ധങ്ങൾ, ആരുടെയെങ്കിലും മരണം – ഇങ്ങനെ ജീവിതത്തിലെ ‘ഹൈലൈറ്റ്’ എന്നു പറയാവുന്ന ചില മോശം അനുഭവങ്ങളിൽ നിന്ന് മധ്യവയസ്സിൽ രൂപപ്പെടുന്ന പ്രതിസന്ധിഘട്ടം. വിഷാദരോഗം, കടുത്ത നിരാശ, വലിയ ഉദ്വേഗം എന്നിവയ്ക്ക് ഈ അവസ്ഥ കാരണമാകാം. ചെറുപ്പത്തെ ആശ്ലേഷിക്കാനുള്ള അമിതാഗ്രഹവും മറ്റൊരു പ്രധാന ലക്ഷണമാണ്.

ജീവിതത്തെ കീഴ്മേൽമറിക്കുന്ന മാറ്റങ്ങളാകും ചിലർ ഈ സമയത്തു സ്വീകരിക്കുക. ചിലർ മരണത്തെക്കുറിച്ചുപോലും ചിന്തിക്കും. ചിലർക്കു വൈദ്യസഹായം വേണ്ടിവരും. ചിലരാകട്ടെ, പലരെയും അലോസരപ്പെടുത്തുംവിധം ‘ചെറുപ്പക്കാരാ’വും.

സ്ത്രീക്കും പുരുഷനും

‘ഡോക്ടർ, മകന്റെ വിവാഹം കഴിഞ്ഞു. അതിനുവേണ്ടിയാണ് ഇത്രകാലവും എല്ലാം സഹിച്ച് ‍ഞാനീ ബന്ധത്തിൽ കഴിഞ്ഞത്. ഇനി എനിക്കു വിവാഹമോചനം വേണം.’ ഇങ്ങനെ പറഞ്ഞെത്തുന്ന സ്ത്രീകളുടെ എണ്ണം നമ്മുടെ നാട്ടിൽ കൂടുന്നു. 

പുരുഷന്മാർക്ക് മൂന്നുമുതൽ 10 വർഷം വരെയും സ്ത്രീകൾക്ക് രണ്ടു മുതൽ അഞ്ചു വർഷം വരെയും ക്രൈസിസ് പീരിയഡ് നീണ്ടുനിൽക്കുമെന്ന് ഒരു പഠനം പറയുന്നു. സ്ത്രീകൾക്കിതു കൂടുതലും ആർത്തവവിരാമവുമായി ബന്ധപ്പെട്ടാണ് വരിക. നിരുൽസാഹം, ശൂന്യതാചിന്ത, ശാരീരിക വിഷമതകൾ, ആത്മഹത്യാപ്രവണത ഒക്കെ കണ്ടുവരുന്നു.

പുരുഷന്മാർക്ക് മൂന്നുമുതൽ 10 വർഷം വരെയും സ്ത്രീകൾക്ക് രണ്ടു മുതൽ അഞ്ചു വർഷം വരെയും ക്രൈസിസ് പീരിയഡ് നീണ്ടുനിൽക്കുമെന്ന് ഒരു പഠനം പറയുന്നു. സ്ത്രീകൾക്കിതു കൂടുതലും ആർത്തവവിരാമവുമായി ബന്ധപ്പെട്ടാണ് വരിക. നിരുൽസാഹം, ശൂന്യതാചിന്ത, ശാരീരിക വിഷമതകൾ, ആത്മഹത്യാപ്രവണത ഒക്കെ കണ്ടുവരുന്നു.

പുരുഷന്മാർക്കു കൂടുതലും ജോലിയെ അടിസ്ഥാനമാക്കിയാണു പ്രതിസന്ധിയുണ്ടാകുന്നതെങ്കിൽ സ്ത്രീകൾ വൈകാരിക ജീവിതത്തിന്റെ കണക്കെടുപ്പു നടത്തി വിഷാദത്തിലേക്കു പോകുന്നു. സ്ത്രീകൾക്കിത് പുരുഷന്മാരെക്കാളും നേരത്തേയാണ് കണ്ടുവരുന്നത്. സാമൂഹികബന്ധങ്ങൾ കുറവാണെന്നതും ഇതിനു കാരണമാണ്. 

ലക്ഷണങ്ങൾ

ഉറക്കക്കുറവ് (ഇല്ലാത്ത അവസ്ഥയും), ശ്രദ്ധക്കുറവ്, വിശപ്പില്ലായ്മ, ഒരു സംഭവവുമില്ലെങ്കിലും സദാ മ്ലാനത, താൻ ഒരു ഭാരമാണ് എന്ന വിട്ടുമാറാത്ത തോന്നൽ, ആത്മഹത്യാപ്രവണത, കടുത്ത ശാരീരിക വേദനകൾ. ചിലർ ലൈംഗിക അരാജകത്വത്തിനും രതിവിഡിയോകൾക്കും അടിമപ്പെടാം. പുരുഷന്മാരിൽ, തന്നെക്കാൾ വളരെ പ്രായം കുറഞ്ഞ പെൺകുട്ടികളുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നവരാണു മറ്റൊരു വിഭാഗം ഈഗോയെ സംതൃപ്തിപ്പെടുത്തുന്നതിന്റെ ഭാഗമോ, സഹജവാസന കൊണ്ടോ ആവാം.  

കാരണങ്ങൾ – പരിഹാരങ്ങൾ

1. സാമ്പത്തികം

  • ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം മക്കൾക്കുവേണ്ടി ചെലവഴിച്ചശേഷം വരുന്ന അരക്ഷിതത്വബോധം.
  • ആരോഗ്യപ്രശ്നങ്ങളും താങ്ങാനാവാത്ത ആശുപത്രിച്ചെലവും കടുത്ത സമ്മർദമുണ്ടാക്കുന്നു.  

പരിഹാരം.

  • സ്വത്തും മറ്റും മക്കൾക്ക് എഴുതിക്കൊടുക്കുന്നവർ ‘കാലശേഷം’ എന്നു നിബന്ധന വയ്ക്കണം.
  • ആരോഗ്യ ഇൻഷുറൻസ് പോലുള്ളവ നിർബന്ധമായും എടുക്കുക

2. ജോലി സംബന്ധം

  • വിരമിക്കലിനോടനുബന്ധിച്ച് (ഏറെയും പുരുഷന്മാർക്ക്) മിഡ് ലൈഫ് ക്രൈസിസ്.
  • നല്ല അവസരങ്ങൾ മുൻപ് നഷ്ടപ്പെടുത്തിയത്, നേരത്തേ വിആർഎസ് എടുത്തത്, വേണ്ട സമയത്ത് കരിയർ മാറാത്തത് – ഇങ്ങനെ ഏതെങ്കിലും തീരുമാനം തെറ്റായിപ്പോയി എന്ന കടുത്ത നിരാശാബോധം. 
  • ഒപ്പമുള്ളവരോ ജൂനിയേഴ്സോ തന്നെക്കാൾ ഉയർന്ന സ്ഥാനങ്ങളിൽ എത്തുന്നത്.
  • ബേൺ ഔട്ട് – എരിഞ്ഞടങ്ങൽ പ്രതിഭാസം: സമ്മർദവും പിന്നിട്ട് അടുത്ത ഘട്ടമാണ് ബേൺ ഔട്ട്. ഏതെങ്കിലും ഒരു മേഖലയിലേക്കു മാത്രം അമിതമായി ശ്രദ്ധകേന്ദ്രീകരിച്ചവർ. ജോലിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. സമ്മർദത്തിൽപ്പെട്ടവർ സ്വയം താൻ സമ്മർദത്തിലാണെന്ന് അറിയും. എന്നാൽ ബേൺഔട്ട് തലത്തിലെത്തിയാൽ അതുണ്ടാവില്ല.

ലക്ഷണങ്ങള്‍: ഉറക്കം നഷ്ടപ്പെടുക, ഓർമ കുറയുക, നെഞ്ചുവേദന.

  • ഐടി സെക്ടറിലുള്ളവർ 40 വയസ്സു പിന്നിടുമ്പോഴേക്കും വൈദ്യസഹായം തേടുന്നത് വർധിക്കുന്നു. ചെറുപ്പകാലത്തു പരമാവധി ജോലി ചെയ്യിപ്പിച്ചു നാൽപതുകളെത്തുമ്പോൾ ഒഴിവാക്കാൻ ശ്രമിക്കുന്നത് ഈ മേഖലയിൽ സാധാരണമാണ്. ഇതിനാൽ തൊഴിൽ സുരക്ഷിതത്വം കുറയുകയും പ്രതിസന്ധിയുണ്ടാവുകയും ചെയ്യുന്നു. 
  • എംപ്റ്റി നെസ്റ്റ് സിൻഡ്രോം– വിവരണാതീതമായ ശൂന്യതാബോധം. ജോലിയിൽനിന്നു വിരമിച്ചു, മക്കൾ അടുത്തില്ല തുടങ്ങിയ ഏകാന്തതകൾ ഇതിലേക്കു നയിക്കുന്നു.

പരിഹാരം 

  • തുടക്കം മുതലേ ജോലി ജീവിതത്തിന്റെ ഒരു ഭാഗം മാത്രം എന്ന ബോധ്യം ഉണ്ടാകുക.
  • സൗഹൃദങ്ങൾ നിലനിർത്തുക– ഒരാൾക്ക് അഞ്ചു വ്യത്യസ്ത ഗ്രൂപ്പുകളിൽപ്പെടുന്ന സുഹൃത്തുക്കൾ എങ്കിലും വേണമെന്നു മനഃശാസ്ത്രവിദഗ്ധർ. അയൽവാസി, കളിക്കൂട്ടുകാർ, തൊഴിൽസ്ഥലത്തെ സൗഹൃദം, എതിർലിംഗത്തിൽപ്പെട്ട ആരോഗ്യകരമായ ബന്ധങ്ങൾ തുടങ്ങി പല തലങ്ങളായുള്ള സൗഹൃദങ്ങൾ.
  • തലച്ചോർ പ്രവർത്തനനിരതമായി സൂക്ഷിക്കുക എന്നത് ഏറ്റവും മികച്ച മരുന്ന്. പുതിയ കാര്യങ്ങൾ പഠിക്കുക, വായന തുടങ്ങിയവ ഏറെ ഗുണകരം.

3. ദാമ്പത്യം

  • രണ്ടാം മധുവിധു ആലോചിക്കേണ്ട സമയം പലർക്കും വൈരാഗ്യത്തിന്റെയും പകയുടെയും ചരക്കിറക്കുന്ന കാലഘട്ടമാണ്. സ്ത്രീകൾക്ക്, ജീവിതത്തിലുടനീളം ‘വിട്ടുവീഴ്ച’ ചെയ്യേണ്ടിവന്നതിന്റെ പക. പുരുഷന്, അനാവശ്യമായി കുറ്റാരോപിതനായതിന്റെയും പലതും നിഷേധിക്കപ്പെട്ടതിന്റെയും പക.


പരിഹാരം

  • ഫാമിലി തെറപ്പി നടത്താം (വിവാഹമോചനം അത്യാവശ്യമെങ്കിൽ പോലും പരസ്പരം പക അവശേഷിപ്പിക്കാതെ അതു ചെയ്യാൻ തെറപ്പി, കൗൺസലിങ് എന്നിവ സഹായിക്കും).
  • ആദ്യമേതന്നെ ആരോഗ്യകരമായ സൗഹൃദം, വിശ്വാസം തുടങ്ങിയവ നിലനിർത്തുന്ന തരത്തിൽ ബന്ധം കൊണ്ടുപോകാം.

4. കുട്ടികൾ

  • കുട്ടികൾ ഇല്ലാത്തത്. 
  • കുട്ടികളുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുത്തതിൽ തെറ്റുപറ്റി എന്ന ചിന്ത.
  • കുട്ടികൾ അടുത്തില്ലാത്തത്.
പരിഹാരം

  • മക്കളുടെ ശാരീരികമായ സാന്നിധ്യം ഏറെ ആവശ്യം. 
  • കൊച്ചുമക്കളുടെ കൂടെ കഴിയുന്നത്ര സമയം ചെലവഴിക്കുന്നതും ഏറെ ഗുണകരം.  
  • യാഥാർഥ്യബോധത്തോടെ കാര്യങ്ങളെ ഉൾക്കൊള്ളുക.


വിവരങ്ങൾ 

ഡോ. അരുൺ ബി. നായർ  

മാനസികാരോഗ്യവിഭാഗം  

അസി. പ്രഫസർ, 

തിരുവനന്തപുരം  മെഡിക്കൽ കോളജ്

Copies from: https://www.manoramaonline.com/health/health-news/2017/12/21/middle-age-depression-stress.html

Comments

Popular posts from this blog

മൊബൈലില്‍ കാര്‍ട്ടൂണ്‍ കാണിച്ചാണോ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാറ്?; പതിയിരിപ്പുണ്ട് രോഗങ്ങള്‍......

കുട്ടികളിൽ സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തണോ? അതോ പ്രോത്സാഹിപ്പിക്കണോ?