മൊബൈലില്‍ കാര്‍ട്ടൂണ്‍ കാണിച്ചാണോ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാറ്?; പതിയിരിപ്പുണ്ട് രോഗങ്ങള്‍......

Copied from: https://www.mathrubhumi.com/special-pages/childrens-day-2023/stories/affect-of-cartoons-on-children-1.9066164

വയസ് പതിമൂന്ന്, വിഷാദത്തിനടിമ. ഇത്ര ചെറുപ്പത്തിലേ ഇതിന് മാത്രം എന്താണ് തങ്ങളുടെ കുട്ടിക്ക് സംഭവിച്ചതെന്നറിയാൻ വേണ്ടിയാണ് തൊടുപുഴ സ്വദേശികളായ ദമ്പതിമാ‍ർ മകൻ ആകർഷ് (പേര് യഥാ‍ർഥമല്ല)നെ കൊച്ചിയിലെ പ്രമുഖ്യ മനശ്ശാസ്ത്രജ്ഞനടുക്കലേക്ക് കൊണ്ടുപോകുന്നത്. വിശദമായി പരിശോധിച്ച് കുട്ടിയോടടുത്ത് സംസാരിച്ചപ്പോഴാണ് മനശ്ശാസ്ത്രജ്ഞന് സംഭവം പിടികിട്ടിയത്. ചെറുപ്പം തൊട്ടേ കാർട്ടൂൺ കാണലിന് അടിമപ്പെട്ട കുട്ടിയുടെ ജീവിതശൈലിയിൽ വലിയ മാറ്റങ്ങൾ ഇതിനകം തന്നെ വന്നിരുന്നു. പ്രമേഹരോ​ഗിയാണ് കുട്ടി. ആഹാരശൈലിയും കൂടി താളംതെറ്റിയതോടെ ചെറുപ്രായത്തിലേ അവന് ജീവിതശെെലി രോ​ഗം പിടിപെട്ടു. പിന്നാലെ, മാനസിക രോ​ഗവും.

"എന്റെ കുഞ്ഞിന് ഭക്ഷണം നൽകാൻ ഒരു ബുദ്ധിമുട്ടുമില്ല. ആ മൊബൈലിൽ ഒരു കാർട്ടൂൺ അങ്ങ് വച്ചു കൊടുത്താൽ കുഞ്ഞ് ഹാപ്പി" ഇങ്ങനെ പറയുന്ന രക്ഷിതാക്കളെ നാം ഒട്ടനവധി തവണ കണ്ടിട്ടുണ്ടാകും. എന്നാൽ ഈ രീതിയിൽ കുട്ടിയുടെ ശ്രദ്ധ മാറ്റാനുള്ള പ്രവണത അപകടകരമാണ്. കുട്ടികളുടെ സ്വഭാവ രൂപീകരണം മുതൽ മുന്നോട്ടുള്ള ജീവിതത്തിൽ വരെ ഇത്തരം കാർട്ടൂണുകൾ സ്വാധീനം ചെലുത്തും. കുട്ടികളിൽ പല പ്രശ്‌നങ്ങളും ഇന്നത്തെ കാലത്ത് കാർട്ടൂണുകൾ സൃഷ്ടിക്കുന്നുണ്ട്. സാമൂഹ്യജീവിതത്തിൽ നിന്നും പല കുട്ടികളും അകന്ന് ഉൾവലിഞ്ഞുപോകുന്നതിൽ വലിയൊരു പങ്കും ചെറുപ്പകാലങ്ങളിൽ തുടങ്ങുന്ന ഇത്തരം ശീലങ്ങൾക്കുണ്ട്. 


രണ്ട് വയസ്സുവരെയുള്ള കുട്ടികളിൽ നിന്ന് പാടേ മൊബെെൽ മാറ്റി വയ്ക്കണമെന്ന് പറയുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സെെക്യാട്രിസ്റ്റ് ഡോ. മോഹൻ റോയ്. കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കുന്നതിനായാണ് ഇന്നത്ത കാലത്ത് പല രക്ഷിതാക്കളും അവർക്ക് മൊബെെലുകളിൽ കാർട്ടൂണുകൾ വച്ച് നൽകുന്നത്. എന്നാൽ, ഇത് അപകടകരമാണ്. പല കാർട്ടൂണുകളിലേയും ചിത്രങ്ങൾ വളരെ വേ​ഗത്തിലാണ് മാറുന്നത്. ഇത് കുട്ടികളുടെ ഏകാ​ഗ്രതയെയും ശ്രദ്ധയെയും ബാധിക്കും.


ഇനി അൽപംകൂടെ മുതിർന്ന കുട്ടികളുടെ കാര്യം പരിശോധിക്കാം. പല കാർട്ടൂണുകളിലേയും കഥാപാത്രങ്ങളേയും അനുകരിച്ച് കുട്ടികൾ അവരുടെ സഹോദരങ്ങളെയും സഹപാഠികളെയും അക്രമിക്കുന്ന നിരവധി സംഭവങ്ങളാണ് നമ്മുടെ മുന്നിൽ വരുന്നത്. ഇക്കാര്യത്തിൽ നമ്മൾ കുട്ടികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്താണ് അവർ കാണുന്നതെന്നോ, വായിക്കുന്നതെന്നോ ഇന്നത്തെ കാലത്തെ പല രക്ഷിതാക്കൾക്കുമറിയില്ല. എന്നാൽ, ഇത്തരം കാര്യങ്ങൾ കുട്ടികൾ ക്ലാസുകളിൽ ചർച്ച ചെയ്യും. പണ്ട് കാലത്ത് രാമായണവും മഹാഭാരതവും കണ്ട് നമ്മൾ അമ്പും വില്ലുമുണ്ടാക്കി കളിച്ച് കൊറേ പേരുടെ കണ്ണ് പോയിട്ടുണ്ട്. പുലിമുരുകൻ ഇറങ്ങിയതിന് ശേഷം വീട്ടിലെ പൂച്ചയുടെ കണ്ണുകളും പോയിട്ടുണ്ട്. സ്വാഭാവികമായി ഇത്തരം കാര്യങ്ങൾ അനുകരിക്കാനുള്ള പ്രവണത കുട്ടികൾക്ക് ഉണ്ടാകും. ഇതാണ് യാഥാർഥ്യം എന്ന് കുട്ടികൾ കരുതുന്നു. സാമൂഹികമായ പെരുമാറ്റരീതിയാണിതെന്ന് അവർ തെറ്റിദ്ധരിക്കുന്നു. കുട്ടികൾ കാണുന്ന കാർട്ടൂണുകളുടെ ഉള്ളടക്കം ടോക്സിക്കല്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം, ഡോ. മോഹൻ റോയ് പറയുന്നു. 


"അമിതമായി കുട്ടികൾക്ക് കാർട്ടൂൺ വച്ച് നൽകുന്നത് അവരെ വിർച്വൽ ഓട്ടിസത്തിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. ഇതോടെ, അവർ കണ്ണിൽ നോക്കാതെയാകുന്നു. സംസാരം അവ്യക്തമാകുന്നു. ശരിയായ പദസമ്പത്ത് ഇല്ലാതെ പോകുന്നു. കുട്ടികൾ കാർട്ടൂൺ കഥാപാത്രങ്ങളോട് സംവദിക്കാനും ആ കഥാപാത്രങ്ങളുടെ രീതിയിൽ സംസാരിക്കാനും തുടങ്ങുന്നു- ഡോ. എൽസി ഉമ്മൻ, കൺസൾട്ടന്റ് സെെക്യാട്രിസ്റ്റ്."


കാർട്ടൂണുകളെല്ലാം പ്രശ്‌നമാണെന്നോ കുട്ടികളെ അവയിൽ നിന്നും പൂർണമായി മാറ്റി നിർത്തണമെന്നോ അല്ല ഉദ്ദേശിക്കുന്നത്. മറിച്ച്, തന്റെ കുട്ടി എന്ത് ഉള്ളടക്കമടങ്ങിയ കാര്‍ട്ടൂണാണ് കാണുന്നത് എന്നതിനെക്കുറിച്ചൊരു ബോധ്യം രക്ഷിതാക്കൾക്കുണ്ടായിരിക്കണം. കാർട്ടൂണിന് മുന്നിൽ ചെലവഴിക്കുന്ന സമയത്തിനും ഒരു പരിധി നിശ്ചയിക്കണം. ഇന്നത്തെ കാലത്ത് യൂട്യൂബിലും ഒ.ടി.ടികളിലുമായി നിരവധി കാർട്ടൂണുകൾ ലഭ്യമാണ്. ആക്രമണ സ്വഭാവമുള്ള കഥാപാത്രങ്ങളുള്ള കാർട്ടൂണുകളിൽ നിന്നും കുട്ടികളെ അകറ്റി നിർത്തണം. പകരം, സാമൂഹികമായ പാഠങ്ങൾ പങ്കുവയ്ക്കുന്നതും കുട്ടികളിൽ സർഗാത്മകത വളർത്തുന്നതുമായ കാർട്ടൂണുകൾ കാണാൻ അവരെ പ്രേരിപ്പിക്കുക.




Comments

Popular posts from this blog

കുട്ടികളിൽ സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തണോ? അതോ പ്രോത്സാഹിപ്പിക്കണോ?

മധ്യവയസ്സിലെ നിരാശാമനോഭവാത്തിനു പിന്നിലെ കാരണങ്ങളും പരിഹാരവും..!